വായ്പ തിരിച്ചടക്കാന്‍ പണമില്ല; മല്യക്ക് ആഴ്ചയില്‍ ചെലവാക്കാവുന്ന തുക 16 ലക്ഷമാക്കി ഉയര്‍ത്തി കോടതി
ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങി ലണ്ടനില്‍ സുഖജീവിതം നയിക്കുന്ന വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയുടെ തലോടല്‍. നല്ലകാലത്തിന്‍റെ രാജാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന മല്യക്ക് ലണ്ടന്‍ ഹൈക്കോടതി ആഴ്ചയില്‍ ചെലവാക്കാവുന്ന തുകയുടെ പരിധിയാണ് മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ച് നല്‍കിയത്.
ഇതുവരെ നാലര ലക്ഷം രൂപയായിരുന്നു മല്യക്ക് ആഴ്ചയില്‍ ചെലവാക്കാവുന്ന തുക. ഇത് 16 ലക്ഷമായാണ് കോടതി വര്‍ധിപ്പിച്ചത്. ഇതേസമയം, ലോകത്തെമ്പാടുമുള്ള മല്യയുടെ സ്വത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മരവിപ്പിക്കല്‍ ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയെ കബളിപ്പിച്ച് ലണ്ടനിലേക്ക് കടന്ന മല്യക്ക് കോടതി ഉത്തരവ് ചോദിച്ചുവാങ്ങിയ അനുഗ്രഹമാണ്. മല്യയെ ഇന്ത്യയില്‍ എത്തിച്ച് നിയമനടപടികളിലേക്ക് കടക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ വന്ന കോടതി ഉത്തരവിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആഢംബര ജീവിതശൈലിക്ക് വേണ്ടിയല്ല, നിയമസഹായത്തിന് ആവശ്യമായി വരുന്ന ഭീമന്‍ തുകയ്ക്ക് വേണ്ടിയാണ് ചെലവഴിക്കാനുള്ള തുകയുടെ പരിധി വര്‍ധിപ്പിച്ചതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ അറസ്റ്റിലായ മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ മാസങ്ങള്‍ നീണ്ട നടപടികള്‍ക്ക് ഇനിയും ഫലമുണ്ടായിട്ടില്ല.
No comments:
Post a Comment