പാസ്‌പോര്‍ട്ടിലെ വിവേചനത്തില്‍ പ്രതിഷേധം ശക്തമാകുന്നു: തോന്നിയ പോലെ ചായമടിക്കാനുള്ള പൊതു ചുമരല്ല പ്രവാസികൾ
ദുബായ് ∙ സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ രണ്ടാംകിട പൗരൻമാരാക്കി മാറ്റുന്ന പാസ്പോർട്ട് പരിഷ്കരണത്തിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ട്. പരിഷ്ക്കരണത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിട്ടും യാതൊരുവിധ പ്രതികരണത്തിനും തയ്യാറാകാത്ത കേന്ദ്ര സർക്കാരിന്റെ സമീപനം പ്രതിഷേധകരമാണെന്ന് ഗൾഫ് പ്രവാസികൾ അഭിപ്രായപ്പെടുന്നു. പരിഷ്കരണം പൗരന്മാർക്കിടയിൽ വേർതിരിവ് സൃഷ്ടിക്കുമെന്നും അവസാന പേജ് ഇല്ലാതാകുന്നത് വിദേശ ഇന്ത്യക്കാരെ, പ്രത്യേകിച്ച് ഗൾഫിലെ പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കുമെന്നും അഭിപ്രായ സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു. പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം.
പാവങ്ങളെ അവഗണിക്കുന്ന ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി പറഞ്ഞു. എത്രയും പെട്ടന്ന് ഈ വിഷയത്തിൽ ഇടപെട്ടു തീരുമാനം മാറ്റണം എന്നഭ്യർഥിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്തയച്ചു കഴിഞ്ഞു. ഇരുവർക്കും മുഴുവൻ പ്രവാസികളും പ്രതിഷേധം അറിയിക്കണമെന്നും ഒറ്റ ജനത എന്ന വികാരം തകർക്കാനുള്ള ചില ഫാസ് സിറ്റ് ശക്തികളുടെ നീക്കം ഒറ്റപ്പെടുത്താൻ ജനാധിപത്യവിശ്വാസികൾ മുന്നോട്ട് വരണമെന്നും പുന്നക്കൻ ആവശ്യപ്പെട്ടു.
എമിഗ്രേഷൻ ക്ലിയറൻസ് സൗകര്യത്തിനാണ് എന്ന് പറയുന്നുണ്ടെങ്കിലും വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ രണ്ട് തരം പാസ്പോർട്ടുമായി ജീവിക്കുന്നത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഇ.കെ.ദിനേശൻ പറഞ്ഞു. ഇന്ത്യൻ പൗരന്മാരെ രണ്ടായി തരം തിരിക്കുക വഴി എന്താണ് കേന്ദ്ര വിദേശകാര്യ വകുപ്പ് ഉദ്ദേശിക്കുന്നത്?. നിലവിൽ നാട്ടിലും വിദേശത്തും കുടുംബത്തിന്റെ തെളിവിനായി ഉപയോഗിക്കുന്ന അവസാനത്തെ പേജ് എന്തിന് വേണ്ടിയാണ് ഉപേക്ഷിക്കുന്നത്. രണ്ടര കോടി ജനങ്ങൾ ഇന്ത്യക്ക് പുറത്ത് ഉണ്ട് എന്നാണ് കണക്ക്. അതിൽ എൺപത് ശതമാനവും സാധാരണ പ്രവാസികൾ ആണ്. ഇതിൽ തന്നെ എസ്എസ്എൽസി പാസാക്കാത്തവരെയും കാണാം. അതിന് കാരണം വ്യക്തികൾ മാത്രമല്ല. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നിലവാരം കുറയാൻ കാരണം ഭരണകൂടങ്ങൾ തന്നെയാണ്. ഇസിആർ അടിക്കേണ്ട സ്ഥിതിയിലേക്ക് രാജ്യത്തെ ജനങ്ങളെ എത്തിച്ചത് മാറി മാറി വന്ന സർക്കാറുകളാണ്.
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് കേന്ദ്ര സർക്കാറിലെ ഉദ്യോഗസ്ഥ വൃന്ദത്തിന് വല്ല വിവരവും ഉണ്ടോ ആവോ? ഇല്ലെങ്കിൽ കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ആന്ധ്ര, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാവപ്പെട്ട തൊഴിലാളികളിൽ ഇസിആർ ആവശ്യമുള്ളവരുടെ എണ്ണം കൂടുതലായിരിക്കും. അവർ കടൽ കടന്നത് ജീവിക്കാൻ വേണ്ടിയാണ്. വർഷങ്ങളായി അവർ ഗൾഫിൽ ജോലി ചെയ്തു വരികയാണ്. അവർക്ക് ഒപ്പം ഇസിഎൻ ആർ ഉള്ള പ്രവാസികളും ഗൾഫിൽ ഉണ്ട്. അവരെ ഒക്കെ ഇന്ത്യക്കാർ എന്നു മാത്രമാണ് വിദേശ രാജ്യങ്ങളിലെ എമിഗ്രേഷൻ ജീവനക്കാർ ഇതുവരെ കരുതാറുള്ളൂ. ഇനി രണ്ട് തരം പാസ്പോർട്ട് ഇന്ത്യക്കാരെ രണ്ടായി കാണാനുള്ള അവസരമാണ് ഇന്ത്യൻ സർക്കാർ ഒരുക്കിക്കൊടുക്കുന്നത്. അത് സ്വഭാവികമായി വിവേചനത്തിന്റെ അടയാളമായി മാറും. നിലവിൽ യാതൊരു പ്രശ്നവും ഇല്ലാത്ത സ്ഥിതിക്ക് രാജ്യത്തെ ജനങ്ങളിൽ വിവേചനം സൃഷ്ടിക്കുന്ന ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് ദിനേശൻ ആവശ്യപ്പെട്ടു.
സാർവ്വത്രിക വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കേണ്ടത് പാസ്പോർട്ടിന്റെ നിറവ്യത്യാസത്തിലൂടെയല്ലെന്നും വിദ്യാഭ്യാസം പണാധിഷ്ഠിതമാവാതിരിക്കാൻ നടപടികൾ സ്വീകരിക്കുകയും പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയുമാണ് മിനിമം അജണ്ടയായി അംഗീകരിക്കേണ്ടതെന്നും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീപ്രകാശ് പറഞ്ഞു. പണത്തിന്റെ അടിസ്ഥാനത്തിലല്ലാതെ കഴിവിനും ബുദ്ധിശക്തിക്കുമനുസരിച്ച് ഏതു പൗരനും എത്തിപ്പെടാനാവുന്ന വിധം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലകൾ മാറട്ടെ. എന്നിട്ടാവണം നിറങ്ങളുടെ ഹോളി അറിവിന്റെ മേഖലയിൽ ആഘോഷിക്കുന്നതെന്നും ശ്രീപ്രകാശ് അഭിപ്രായപ്പെട്ടു.
No comments:
Post a Comment