Wednesday, 22 November 2017

THE OLD MARKET IN KERALA


തെള്ളിയൂർ വാണിഭത്തിന് ആരൊക്കെ പോയി .. ?
ഗ്രാമീണ കേരളത്തിന്റെ കാർഷിക സാംസ്കാരിക സമൃദ്ധി വിളിച്ചോതുന്ന വൃശ്ചിക വാണിഭം തെള്ളിയൂരിൽ പുരോഗമിക്കുന്നു..
വൃശ്ചികം 1 മുതൽ 10 ദിവസം നീളുന്ന ഈ ആചാര മേളക്ക് ഇന്നും പഴമയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നു .
നൂറു വർഷങ്ങൾക്കു മുമ്പ് പർവ്വനൊലിൽ രാമൻ പിള്ളക്ക് പൂർവ്വികസ്വത്തായി ലഭിച്ച തെള്ളിയൂർ ഭദ്രകാളീ ക്ഷേത്രത്തിനു സമീപത്തുള്ള വാണിഭ മൈതാനത്ത് ആണ് വാണിഭം നടക്കുന്നത് .ഇപ്പോൾ പൌത്രൻ ഡി .ഗോപാലകൃഷ്ണൻ നായരും , ശ്രീരാമകൃഷ്ണ ആശ്രമവും ആണ് മുഖ്യ സംഘാടകർ .
ക്ഷേത്രത്തിൽ വൃശ്ചികം ഒന്നിന് കളമെഴുത്തും പാട്ടും ആരംഭിക്കും ,ക്ഷേത്ര സംരക്ഷണ സമിതിയാണ് നേതൃത്വം നൽകുന്നത് .
ക്ഷേത്ര ദർശനം നിഷേധിച്ചിരുന്ന കാലത്ത് തങ്ങളുടെ ഇഷ്ട ദേവതയായ തെള്ളിയൂർകാവ് ഭഗവതിക്ക് നേർച്ചയും ,കാഴ്ച്ചയും അർപ്പിക്കാൻ ക്ഷേത്രത്തിനു പുറത്തു മൈതാനത്ത് ഒന്നിച്ച്ചുകൂടിയിരുന്ന ഹരിജനങ്ങൾ കാള ,തേര് തുടങ്ങിയ കെട്ടുകാഴ്ചകളുമായി എത്തുകയും ,വാണിയൻ തുള്ളൽ പോലുള്ള നാടൻ കലാരൂപങ്ങളും അവതരിപ്പിക്കുകയും ചെയ്തിരുന്നു .
തങ്ങളുടെ അദ്ധ്വാന സമ്പത്തായ കാർഷിക വിളകൾ ദേവിക്ക് സമർപ്പിച്ചു ആരാധിക്കുകയും ചെയ്തിരുന്നു .ഇതാണ് പിന്നീട് വൃശ്ചിക വാണിഭമായി മാറിയതെന്നാണ് ഐതീഹ്യം .
വാണിഭത്തിൽ പരമ്പരാഗത ഉത്പന്നങ്ങള്‍ക്കും സ്രാവിനും ആവശ്യക്കാര്‍ ഏറെ. ഉണക്ക സ്രാവ് ആണ് ഈ വാണിഭത്തിലെ പ്രത്യേക ആകർഷണം പണ്ട് മുതൽക്കേ . ചട്ടിയും വട്ടിയും കുട്ടയും തഴപ്പായയും ചിരട്ടത്തവിയും ഉരലും ഉലക്കയും ആട്ടുകല്ലും എന്നുവേണ്ട പുതുതലമുറയ്ക്ക് അന്യമാകുന്ന ഗൃഹോപകരണങ്ങള്‍ തേടി തെള്ളിയൂര്‍ വൃശ്ചികവാണിഭനഗറിലേക്ക് ജില്ലയ്ക്കു പുറത്തുനിന്നടക്കം നൂറുകണക്കിനാളുകൾ എത്തിച്ചേരും .
മണ്‍പാത്രങ്ങളും ചെമ്പ്, ഓട് പാത്രങ്ങളും ഇവിടെ ലഭ്യമാണ്. ഇതൊക്കെയുണ്ടെങ്കിലും പഴമയുടെ ആചാരമെന്നനിലയില്‍ തെള്ളിയൂര്‍ക്കാവിലെ ഉണക്കസ്രാവ് കച്ചവടത്തിന് വന്‍ ഡിമാന്‍ഡാണ്. എന്തുവില നല്‍കിയും തെള്ളിയൂര്‍ക്കാവിലെ ഉണക്കസ്രാവ് വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവില്ല.
ഈറ്റയില്‍ത്തീര്‍ത്ത മുറം, കുട്ട തുടങ്ങിയ ഉത്പന്നങ്ങളുടെ വന്‍ശേഖരവും എത്തും . പഴയ തലമുറയില്‍പ്പെട്ടവര്‍ ഇപ്പോഴും ഈറ്റയില്‍ത്തീര്‍ത്ത ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ് ഏറെ കൗതുകം. ഗ്രാമീണ കാര്‍ഷികോപകരണങ്ങളുടെയും പരമ്പരാഗത ഗൃഹോപകരണങ്ങളുടെയും വന്‍ശേഖരം ഇക്കുറിയും തെള്ളിയൂര്‍ക്കാവില്‍ എത്തും .
പറ, നാഴി, ചങ്ങഴി, തൈരുടയ്ക്കുന്ന മത്ത്, പിച്ചാത്തി, വെട്ടുകത്തി, ചിരവ, കല്‍ഭരണികള്‍ തുടങ്ങിയ കാര്‍ഷികോപകരണങ്ങക്ക് ആവശ്യക്കാരേറെയാണ് എത്തുന്നത്. ഇതോടൊപ്പം ഫര്‍ണിച്ചര്‍വ്യാപാരവും നടക്കുന്നുണ്ട്.
മധ്യതിരുവിതാംകൂറിലെ പ്രധാന വ്യാപാരമേളകളിലൊന്നായി മാറിയിരിക്കുന്ന തെള്ളിയൂര്‍ വൃശ്ചികവാണിഭം ഒരു നാടിന് ഉത്സവച്ഛായ പകര്‍ന്നുനല്‍കുന്നുണ്ട്. ഇതോടെ ഒരു നാടിന്റെ സാംസ്‌കാരികസമ്പത്താണ് നഷ്ടമാകാതെ പുതുതലമുറ കാത്തുസൂക്ഷിക്കുന്നത്.
ജിബു വിജയൻ ,ഇലവുംതിട്ട..

No comments:

Post a Comment