Thursday, 23 November 2017

40 YEARS IN DUBAI




40 വർഷങ്ങൾക്ക് മുമ്പ് കപ്പലുകയറി ദുബായിലെത്തിയ തിരുവല്ലക്കാരൻ അച്ചായൻ മടങ്ങുന്നു .. സംതൃപ്തിയോടെ ....!!
Anoop Varghese
ദുബായ് ∙ യുഎഇയുടെ വളർച്ച കൺമുൻപിൽ കണ്ട് ജീവിച്ച തോമസ് മത്തായി എന്ന പ്രവാസിയുടെ കഥ ‘പത്തേമാരി’ എന്ന സിനിമയ്ക്ക് പ്രചോദനമായിരുന്നോ എന്നറിയില്ല. പക്ഷേ, സലീം അഹമ്മദ് സംവിധാനം ചെയ്ത ഇൗ ചിത്രത്തിൽ നമ്മള്‍ കണ്ട, മമ്മൂട്ടി അഭിനയിച്ച പ്രവാസിയായ പള്ളിക്കൽ നാരായണൻ തന്നെയായിരുന്നു തോമസ് മത്തായി. ഒരേ കമ്പനിയിൽ 40 വർഷമായി ജോലി ചെയ്ത ഇദ്ദേഹം ഒട്ടേറെ പ്രവാസ അനുഭവങ്ങളിലൂടെ കടന്നുപോയി ഒടുവിൽ ഗൾഫ് ജീവിതത്തോട് വിടപറഞ്ഞു, സ്വന്തം മണ്ണിലേയ്ക്ക് മടങ്ങുകയാണ്..
ദുബായ് ഷെയ്ഖ് കോളനിയിലെ പതിനാലാം നമ്പര്‍ മുറിയില്‍ കയ്യിലൊരു ചൂടു ചായയുമായി തോമസ് മത്തായി 41 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ എത്തിയ കഥ പറഞ്ഞു തുടങ്ങി, തന്റെ പരമ്പരയിൽപ്പെട്ട യുവ എഴുത്തുകാരൻ കൂടിയായ അനൂപ് കുമ്പനാടിനോട്:‘1976 ജൂലൈ ആറാം തീയതിയാണ് ഞാന്‍ ദുബായിലേയ്ക്ക് യാത്ര പുറപ്പെടുന്നത്. തിരുവല്ലയില്‍ നിന്നു ബോംബേ വരെ ട്രെയിനില്‍ യാത്ര. പിന്നെ ബോംബെയില്‍ ഒരു ഒറ്റ മുറി കെട്ടിടത്തില്‍ സന്ദർശക വീസയ്ക്കായുള്ള നീണ്ട കാത്തിരിപ്പ്. ഒരു ‘ഗഫൂര്‍ കാ ദോസ്തിന്’ അന്നത്തെ കാലത്തെ 4,000 ദിര്‍ഹംസ് കൊടുത്തിട്ടാണ് കാത്തിരിപ്പ്! ഏതായാലും സിനിമയിലെ പോലെ ‘ഗഫൂര്‍ കാ ദോസ്ത്’ ചതിച്ചില്ല . ഒരു മാസത്തിനു ശേഷം വീസ കിട്ടി’– മത്തായി പറഞ്ഞു..
1976 ഓഗസ്റ്റ് 31 ന് എംവി അക്ബര്‍ എന്ന കപ്പലിലാണ് ദുബാലേയ്ക്ക് ആദ്യമായി യാത്ര ചെയ്തത്. കടല്‍ ചൊരുക്കുകൊണ്ട് പലരും അവശരായപ്പോള്‍ തളരാത്ത മനസ്സുമായി തോമസ് മത്തായി പിടിച്ച് നിന്നു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഏഴ് ദിവസത്തെ യാത്ര. അവസാനം 1976 സെപ്റ്റംബർ ആറിന് ഒരു റമാസാനില്‍ തോമസ് മത്തായി ദുബായിയിലെ റാഷിദ് തുറമുഖത്ത് കാലു കുത്തി
അദ്ദേഹം തുടര്‍ന്നു:‘ദുബായില്‍ ഇറങ്ങിയപ്പോള്‍ മറ്റൊരു ഗഫൂര്‍ കാ ദോസ്ത്, എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. അയാള്‍ അപ്പോള്‍ തന്നെ എന്‍റെ പാസ്പോര്‍ട്ട് മേടിച്ചു, അതുമായി മുങ്ങി. പിന്നെ പാസ്സ്പോര്‍ട്ടും വീസയുമില്ലാതെ ദുബായില്‍ രണ്ടു വര്‍ഷം. ഭാഗ്യത്തിന് ഭാട്ടിയ ബ്രദേഴ്സ് എന്ന കമ്പനിയില്‍ ജോലി കിട്ടി. നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ പാസ്പോര്‍ട്ട് തിരിച്ചു കിട്ടി. കമ്പനി വീസയും അടിച്ചു..
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക്. എല്ലാ പ്രവാസികളെയും പോലെ കടം മേടിച്ച കാശുമായി പെട്ടിനിറച്ചു സാധനങ്ങളുമായി നാട്ടിലേക്കു യാത്ര. വര്‍ഷങ്ങളുടെ അധ്വാനം മാസങ്ങള്‍ കൊണ്ട് തീര്‍ന്നു. എല്ലാ പ്രവാസികളുടെയും കഥ ഇങ്ങനെ തന്നെയാണ്..
ഒരു പ്രവാസിക്കും ആരും ഒന്നും തിരികെ നാല്‍കാറില്ല. ആകെ കിട്ടുന്നത് കുറച്ചു ചമ്മന്തി പൊടിയും ഉപ്പേരിയും ! ‘ആദ്യ വരവിന് തന്നെ കല്യാണം കഴിച്ചു. രണ്ടു മാസത്തിനു ശേഷം ഒറ്റയ്ക്ക് തിരിച്ച് ദുബാക്കു തിരിച്ച് വന്നു. എല്ലാ ദിവസവും ഞാന്‍ ഭാര്യ സൂസിക്ക് കത്തെഴുത്തും. സൂസി എനിക്കും. അവളുടെ ശബ്ദം കേള്‍ക്കണമെന്ന് വലിയ ആഗ്രഹം തോന്നും. പക്ഷേ ഒരു നിവൃത്തിയുമില്ലായിരുന്നു’– മത്തായി മനസു തുറന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യയെ ദുബായില്‍ കൊണ്ടുവരുവാന്‍ തോമസ് മത്തായിക്ക് സാധിച്ചു. ഇവരുടെ മകള്‍ ആശയും മരുമകന്‍ ഉദൈയും ദുബായില്‍ ഉണ്ട്.
തോമസ് മത്തായി ഭാട്ടിയ ബ്രദേഴ്സിന്റെ റാഷിദിയായിലുള്ള കോൾഡ് സ്റ്റോറേജിന്റെ ചുമതല കഴിഞ്ഞ 40 വര്‍ഷങ്ങളാളായി വഹിക്കുന്നു. ഇത്രയും വര്‍ഷങ്ങളായി ദുബായില്‍ ഉള്ളവര്‍ വേറെയും കണ്ടേക്കാം. പക്ഷേ നാൽപത് വര്‍ഷങ്ങളായി ദുബായിലെ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ വളരെ ചുരുക്കമായിരിക്കും. നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം തോമസ് മത്തായി പ്രവാസ ജീവിതം അവസാനിപ്പിക്കുമ്പോള്‍ നഷ്ടമാകുന്നത് അനേകം പ്രവാസികളുടെ താങ്ങും തണലുമാണ്..

No comments:

Post a Comment