Tuesday, 18 July 2017

Kerala nurse strike

20000 ചോദിക്കുന്ന നഴ്സുമാർക്ക് 25000 കൊടുക്കുക. അതല്ലേ ക്രിസ്തീയ മാതൃക..
ലേഖനം വായിക്കുമല്ലോ ? എഴുതിയത്
ഡോ. ഡി ബാബുപോൾ..
പല പ്രാവശ്യം പറയുകയും എഴുതുകയും ചെയ്ത ഒരു വിഷയമാണ്. ക്രിസ്ത്യാനികൾ ശ്രീയേശുവിന്റെ സ്‌നേഹം സാക്ഷ്യപ്പെടുത്താൻ ആശുപത്രികൾ നടത്തേണ്ടതുണ്ടോ? ദൈവം മനുഷ്യനായി അവതരിച്ചപ്പോൾ ധാരാളം രോഗികൾക്ക് സൗഖ്യം നൽകി. ആരോടും ഫീസ് വാങ്ങിച്ചില്ല ശ്രീയേശു. ക്രിസ്തു ചെയ്ത അത്ഭുതങ്ങളിൽ പ്രകൃതിയെ കീഴടക്കുന്നതും വിശന്നിരിക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും ഒരു സാധാരണ മീൻ പിടിത്തക്കാരനെ പ്രഗല്ഭനായ പ്രഭാഷകനാക്കുന്നതും ആയി ഒട്ടനവധി അത്ഭുതങ്ങൾ ഉണ്ടായിരുന്നു. വ്യക്തിയുടെ ആവശ്യവും സമൂഹത്തിന്റെ ആവശ്യവും ആയിരുന്നു ഓരോ സംഭവത്തിലും പരിഗണിച്ചത്. വാട്ടീസിന്നിറ്റ് ഫോർ മീ എനിക്കെന്ത് ഗുണം - എന്ന് ക്രിസ്തു ഒരിക്കലും ചിന്തിച്ചില്ല.
സായിബാബ ജീവിച്ചിരുന്നപ്പോൾ രണ്ട് ആശുപത്രികൾ തുടങ്ങാൻ അനുയായികളെ അനുവദിച്ചു. ചികിത്സ തീർത്തും സൗജന്യമായിരിക്കണം എന്നതായിരുന്നു അദ്ദേഹം വച്ച നിബന്ധന. ആ രണ്ട് ആശുപത്രികളും ഇന്നും ഭംഗിയായി നടക്കുന്നു. അവർക്ക് ക്യാഷ് കൗണ്ടർ ഇല്ല. എത്രയാണ് ഫീസ് എന്ന് ചോദിച്ചാൽ ഇവിടെ ഫീസില്ല'' എന്നാണ് മറുപടി. നിങ്ങൾക്ക് വല്ലതും കൊടുക്കണമെങ്കിൽ സംഭാവന ഇടാൻ ഒരു പെട്ടി വച്ചിട്ടുണ്ട്. ഇഷ്ടമുള്ളത് ഇടാം. നിങ്ങൾ കുറെ സമയം അവിടെ സൗജന്യമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെ കടം വീട്ടാനും വ്യവസ്ഥയുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും കണക്കിലെടുത്ത് തൂപ്പുജോലി മുതൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടേത് വരെ ആവാം ജോലി. കേരളത്തിൽ കാസർകോട്ട് ഇങ്ങനെ ഒന്ന് തുടങ്ങാൻ സത്യസായി അനാഥമന്ദിരം ട്രസ്റ്റ് - അതിന്റെ ഉപദേശക സമിതിയുടെ അദ്ധ്യക്ഷൻ ഞാനാണ് - നടപടി എടുത്തുവരുന്നു. സർക്കാർ സ്ഥലം അനുവദിച്ചു എന്നാണ് തോന്നുന്നത്. ഉമ്മൻ ചാണ്ടി അനുവദിക്കുകയും പിണറായി വിജയൻ ഉത്തരവാക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇവിടെ രണ്ട് സംഗതികൾശ്രദ്ധിക്കണം. ഒന്ന്, മനുഷ്യനിലും ഈശ്വരനിലും ഉള്ള വിശ്വാസം. മനുഷ്യന്റെ നന്മയിലും ഈശ്വരന്റെ കഴിവിലും ഉള്ള വിശ്വാസം. മഴയ്ക്കായി പ്രാർത്ഥിക്കാൻ പോകുന്നവർ തിരിച്ചുവരുമ്പോൾ മഴ നനയാതിരിക്കാൻ കുട കരുതുന്ന വിശ്വാസം. രണ്ടാമത്, മാനവസേവയാണ് മാധവസേവ എന്ന ദർശനത്തിന്റെ പ്രയുക്ത ഭാവം. സായിബാബയ്ക്ക് കഴിയുന്നത് നസറായന്റെ അനുയായികൾക്ക് കഴിയുന്നില്ലെങ്കിൽ അവർ അവന്റെ യഥാർത്ഥ അനുയായികൾ അല്ല എന്ന് വ്യക്തമല്ലേ? ഏതെങ്കിലും ഒരു സഭയോ മെത്രാനോ ഒരാശുപത്രിയിൽ പരീക്ഷണാർത്ഥമെങ്കിലും ഈ പരിപാടി നടപ്പാക്കുമോ? പല പ്രാവശ്യം പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത് ആവർത്തിക്കട്ടെ. യേശുക്രിസ്തുവിന് ജനറൽ മാനേജരായി പ്രവർത്തിക്കാൻ കഴിയാത്ത ആശുപത്രികൾ നമുക്ക് അടച്ചുപൂട്ടാം. കോർപ്പറേറ്റ് ശൈലിയിൽ വിളക്കുകാലുകൾ തോറും ഫ്‌ളക്‌സ് വച്ച് സഭ ആശുപത്രികൾ നടത്തേണ്ടതുണ്ടോ? സാധാരണക്കാരിലേക്ക് നീളുന്ന ആശ്വാസകരങ്ങൾ എവിടെ? ഇടമലക്കുടിയിലും വട്ടവടയിലും കാത്തിരിക്കുന്ന രോഗികളെ തൊട്ട് സൗഖ്യമാക്കുന്ന സോമർവെല്ലുമാർക്കും ബഞ്ചമിൻ പുളിമൂട്ടുമാരും എവിടെ?
ഇപ്പോൾ നഴ്‌സുമാർ സമരത്തിലാണ്. അവർക്ക് ന്യായമായ വേതനം നൽകണം എന്ന് കർദ്ദിനാൾ പറഞ്ഞു. നല്ല കാര്യം. അവരുടെ ആവശ്യം പഠിക്കാൻ കെ.സി.ബി.സി ഉപസമിതിയെ വച്ചു. നല്ല കാര്യം. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്: അത് അത്ര നല്ല കാര്യം അല്ല. ഉപസമിതി പഠിച്ച് പറയട്ടെ. അതിന് മുൻപ് ക്രിസ്ത്യൻ ആശുപത്രികൾ നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണം. പ്രതിമാസം ഇരുപത്തയ്യായിരം രൂപാ ഏറ്റവും കുറഞ്ഞ വേതനമായി നിശ്ചയിക്കാൻ ഒരു പഠനവും വേണ്ട. അവരുടെ വിദ്യാഭ്യാസത്തിന്റെ കാലദൈർഘ്യം പരിഗണിച്ച് ഒരു സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനും (മിനിമം യോഗ്യത ബിരുദം, കണ്ടുവരുന്നത് ബിരുദാനന്തര ബിരുദങ്ങൾ, എം.എ.യോ എൽ.എൽ.ബിയോ ഇല്ലാത്ത അസിസ്റ്റന്റുമാർ ബി.ടെകുകാർ ആയിരിക്കും) ഹൈസ്‌കൂൾ അദ്ധ്യാപികയ്ക്കും കിട്ടുന്ന ശമ്പളം എങ്കിലും നഴ്‌സുമാർക്ക് നൽകണം എന്ന് പറയാൻ ഒരു സമിതിയും വേണ്ട. സമിതിയോ, സർക്കാരോ ശമ്പളം കൂട്ടാൻ പറഞ്ഞാൽ അപ്പോൾ കൂട്ടിക്കൊള്ളാം എന്ന ധാരണയിൽ അടിയന്തരമായി ക്രിസ്തീയ സഭകൾ നടത്തുന്ന ആശുപത്രികൾ ഓഗസ്റ്റ് 1 മുതൽ കുറഞ്ഞ ശമ്പളം ഇരുപത്തയ്യായിരം രൂപയായി നിജപ്പെടുത്തണം. ഓഗസ്റ്റ് 1 ജീവിത വിശുദ്ധി കാക്കുന്ന ഒരു ഡോക്ടറുടെ പിറന്നാളാണ്, എനിക്ക് ഓർമ്മയുണ്ട്. അന്ന് നമ്മുടെ നഴ്‌സുമാർ വാങ്ങുന്ന മിനിമം ശമ്പളം ഇരുപത്തയ്യായിരം രൂപ ആയിരിക്കട്ടെ. അല്ലെങ്കിൽ അന്ന് മുതൽ എങ്കിലും ഇരുപത്തയ്യായിരം എന്ന മിനിമം നിലവിൽ വരട്ടെ, ഓണത്തിന് ഉപകാരപ്പെടുമല്ലോ. ഏത് ആശുപത്രി ആദ്യം മണികെട്ടും? കറ്റാനം? കോതമംഗലം? ബിലീവേഴ്‌സ്? ലിസി? ക്രൈസ്തവ സ്ഥാപനങ്ങൾ ക്രിസ്തുവിന്റെ മൂല്യങ്ങളും ശൈലിയും വെള്ളം ചേർക്കാതെയും ഒഴികഴിവുകൾ തേടാതെയും സ്വാംശീകരിച്ച് പ്രയോഗിക്കുന്നവ ആയിരിക്കണം. അല്ലെങ്കിൽ തങ്ങൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയാണ് എന്ന് തിരിച്ചറിഞ്ഞ് ഈ പ്രതിസാക്ഷ്യത്തിന്റെ ജുബെൽ ഗോപുരങ്ങൾ ഉടച്ചെറിയാനുള്ള ധീരതയെങ്കിലും സഭ കാണിക്കണം.
(കടപ്പാട്: കേരള കൗമുദി)

No comments:

Post a Comment