Saturday, 29 June 2019

ONE STORY

ഇന്ത്യയിൽനിന്നുള്ള ഒരു സന്യാസിയുമായി ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു.
പത്രപ്രവർത്തകൻ തന്റെ ചോദ്യങ്ങൾ ആരംഭിച്ചു.

പത്രപ്രവർത്തകൻ : സാർ , ഈയിടെ ഒരു പ്രഭാഷണത്തിൽ താങ്കൾ ബന്ധം(contact) , അടുപ്പം (connection) എന്നിവയെക്കുറിച്ച്  സംസാരിച്ചല്ലോ.അതിൽ  അല്പം ആശയക്കുഴപ്പം ഉള്ളതു പോലെ. അത് ഒന്നു കൂടി വിശദീകരിക്കാമോ ?

സന്യാസി പുഞ്ചിരിയോടെ ,ചോദ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു രീതിയിൽ ഒരു മറുചോദ്യം പത്രപ്രവർത്തകനോട് ചോദിച്ചു.

"താങ്കൾ ന്യൂയോർക്കിൽ നിന്നാണോ വരുന്നത് ?"

പത്രപ്രവർത്തകൻ : അതെ .

സന്യാസി : താങ്കളുടെ വീട്ടിൽ ആരൊക്കെയുണ്ട് ?

വ്യക്തിപരമായ ഇത്തരം ചോദ്യങ്ങളിലൂടെ തന്റെ ചോദ്യത്തിന് ഉത്തരം നല്കാതെ ഒഴിഞ്ഞു മാറുകയാണ് സന്യാസി എന്ന് പത്രപ്രവർത്തകൻ കരുതി. എങ്കിലും മറുപടി പറഞ്ഞു :"അമ്മ മരിച്ചു പോയി.  അച്ഛനും മൂന്നു സഹോദരിമാരും ഒരു സഹോദരിയുമുണ്ട്. സഹോദരങ്ങൾ വിവാഹിതരായി..."

സന്യാസി വീണ്ടും ചോദിച്ചു :" താങ്കളുടെ അച്ഛനുമായി താങ്കൾ സംസാരിക്കാറുണ്ടോ ?" പത്രപ്രവർത്തകൻ അസ്വസ്ഥനാകുന്നതു കണ്ട് സന്യാസി വീണ്ടും ചോദിച്ചു."അവസാനമായി എന്നാണ്  താങ്കൾ അച്ഛനുമായി സംസാരിച്ചത് "?
തികഞ്ഞ അസ്വസ്ഥതയോടെ പത്രപ്രവർത്തകൻ മറുപടി പറഞ്ഞു : " ഏകദേശം ഒരു മാസം മുമ്പാണ് അച്ഛനോട് സംസാരിച്ചത് എന്ന് തോന്നുന്നു..."

സന്യാസി : താങ്കൾ സഹോദരങ്ങളെ ഇടക്കിടെ കാണാറുണ്ടോ ? അവസാനമായി എന്നാണ് നിങ്ങളെല്ലാവരും ഒരുമിച്ചു കൂടിയത് ?"

ഈ ചോദ്യം കൂടി കേട്ടതോടെ പത്രപ്രവർത്തകൻ ആകെ വിവശനായി. അയാളുടെ നെറ്റിയിൽ വിയർപ്പു തുള്ളികൾ ഉരുണ്ടു കൂടി. സന്യാസിയാണ് പത്രപ്രവർത്തകനെ അഭിമുഖം നടത്തുന്നത് എന്നപോലെയായി കാര്യങ്ങൾ. ഒരു ദീർഘനിശ്വാസത്തോടെ പത്രപ്രവർത്തകൻ മറുപടി പറഞ്ഞു :"രണ്ടു വർഷം മുമ്പുളള ക്രിസ്തുമസ്സിനാണ് ഞങ്ങളെല്ലാവരും ഒരുമിച്ചത്. "

സന്യാസി വീണ്ടും ചോദിച്ചു :"എത്ര ദിവസങ്ങൾ നിങ്ങളെല്ലാവരും കൂടി ഒരുമിച്ചു താമസിച്ചു ?"

നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് പത്രപ്രവർത്തകൻ പറഞ്ഞു :" മൂന്നു ദിവസം..."

സന്യാസി : അന്ന് അച്ഛന്റെ അരികത്തിരുന്ന് എത്ര നേരം സംസാരിച്ചു "?

സന്യാസിയുടെ ചോദ്യങ്ങൾ പത്രപ്രവർത്തകന്റെ ഹൃദയത്തിൽ കൊള്ളുന്നുണ്ടായിരുന്നു. അയാൾക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനായി തലയും താഴ്ത്തി കയ്യിലിരുന്ന പേപ്പറിൽ അയാൾ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു.

സന്യാസി തുടർന്നു : "നിങ്ങൾ അച്ഛനോടൊപ്പം ഭക്ഷണം കഴിച്ചോ ? അച്ഛന്റെ സുഖവിവരങ്ങൾ അന്വേഷിച്ചോ താങ്കൾ ? അമ്മയുടെ മരണത്തെ തുടർന്ന് അച്ഛന്റെ ജീവിതം എങ്ങനെയാണ് കഴിഞ്ഞു പോകുന്നതാണ് എന്ന് ചോദിച്ചോ ?"

പത്രപ്രവർത്തകന്റെ കണ്ണു നിറഞ്ഞു. അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് സന്യാസി പറഞ്ഞു :"താങ്കൾ അസ്വസ്ഥനാകുകയോ സങ്കടപ്പെടുകയോ വേണ്ട.

എന്റെ ചോദ്യങ്ങൾ താങ്കളെ വിഷമിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ ... ബന്ധം (contact) , അടുപ്പം (connection) എന്നിവയെക്കുറിച്ചുളള താങ്കളുടെ ചോദ്യത്തിന്  ഉത്തരം നല്കാൻ വേണ്ടിയാണ് ഞാൻ ഈ ചോദ്യങ്ങൾ ചോദിച്ചത്. താങ്കളുടെ അച്ഛനുമായി താങ്കൾക്ക് 'ബന്ധം ' ഉണ്ട്... പക്ഷേ അദ്ദേഹവുമായി താങ്കൾക്ക് അടുപ്പം ഇല്ല. ് ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമാണ് ബന്ധങ്ങളുടെ കാതൽ. ഒരുമിച്ച് ഇത്തിരി നേരം ചെലവഴിക്കാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും മുഖത്തു നോക്കി സംസാരിക്കാനും പരസ്പരമുള്ള സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കാനും നേരം കണ്ടെത്തുമ്പോൾ അവിടെ വ്യക്തികൾ തമ്മിൽ അടുപ്പം സംജാതമാകുന്നു. താങ്കളും സഹോദരങ്ങളും തമ്മിൽ ബന്ധം ഉണ്ട്; പക്ഷേ നിങ്ങൾ തമ്മിൽ അടുപ്പം ഇല്ല..."

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പത്രപ്രവർത്തകൻ പറഞ്ഞു : " വളരെ വിലയേറിയ , മറക്കരുതാത്ത ഒരു ജീവിതപാഠം പഠിപ്പിച്ചു തന്നതിന് അങ്ങേയ്ക്ക് നന്ദി !"
ചെറിയ ചില ചോദ്യങ്ങളിലൂടെ വലിയൊരു കാര്യം വിശദമാക്കിയ ആ സന്യാസി സ്വാമി വിവേകാനന്ദൻ ആയിരുന്നു.

ഈ സംഭവകഥയ്ക്ക്ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഇന്ന് എല്ലാവർക്കും ധാരാളം contacts ഉണ്ട്. പക്ഷേ connection ഇല്ല. അതു മാത്രമല്ല , പരസ്പരമുള്ള ആശയവിനിമയവും സംസാരവും കുറഞ്ഞു.എല്ലാവരും അവരവരുടെ ലോകത്തിൽ കഴിഞ്ഞു കൂടുന്നു.

ബന്ധങ്ങൾ വെറും contacts മാത്രമായി ഒതുങ്ങാതെ അവ ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമായി വളർത്തിയെടുക്കാൻ നാം ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പരസ്പരം സ്നേഹിച്ചും കരുതൽ നല്കിയും ഒത്തൊരുമിക്കാൻ സമയം കണ്ടെത്തിയും ജീവിച്ചാൽ നമ്മുടെ ജീവിതവും ഈ സമൂഹവും സ്വർഗ്ഗതുല്യമായി മാറും...
💐💐💐💐💐💐💐💐
അയച്ചു കിട്ടിയ നല്ലൊരു സന്ദേശം...