Tuesday, 31 July 2018

MUNNAR STORY




എങ്ങനെ പുതിയ മൂന്നാറുണ്ടായി. ആലുവ- മൂന്നാർ റോഡെങ്ങനെ ഇല്ലാതായി !!!!! തൊടുപുഴ::കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവര്‍ഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓര്‍മകളില്‍ ഇന്നും പെയ്തിറങ്ങാറുണ്ട്. പലര്‍ക്കും പറയാന്‍ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്.
ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങള്‍ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു; വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിവന്നു.
പ്രളയത്തിന്‍റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ചരിത്രരേഖകള്‍ പറയുന്നത്, ആലപ്പുഴ ജില്ല പൂര്‍ണ്ണമായും, എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി എന്നാണ്. കോഴിക്കോട് പട്ടണത്തിന്‍റെ പല ഭാഗങ്ങളും മുങ്ങിയിരുന്നു.
ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാര്‍ പറയുന്നത്. അന്ന് വെള്ളമുയര്‍ന്ന അളവ് കേരളത്തില്‍ പലയിടത്തും രേഖപ്പെടുത്തിവച്ചത് ഇപ്പോഴും കാണാനുണ്ട്.
ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകര്‍ത്തത് നിരവധി സ്വപ്നങ്ങളായിരുന്നു. നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന റോഡ്‌ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു, റെയില്‍പ്പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി സര്‍വീസുകള്‍ നിര്‍ത്തിവച്ചു, തപാല്‍ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. ആളുകളും വളര്‍ത്തുമൃഗങ്ങളും വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്ക്കൂരകളിലും തട്ടിന്‍പുറങ്ങളിലും അഭയം തേടി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടമായി പലായനം ചെയ്തു, ഉയര്‍ന്ന മേഖലകള്‍ അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ ജനം പട്ടിണിയില്‍ വലഞ്ഞു.
വെള്ളമിറങ്ങിപ്പോകാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോള്‍ സ്വസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി, പാതകള്‍ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂര്‍ന്നു, വന്മരങ്ങള്‍ കടപുഴകി, പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍വസ്ഥിതിയിലെത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ചില ഗ്രാമങ്ങള്‍ അങ്ങനെ തന്നെ ഇല്ലാതായി.
മലവെള്ളത്തിന്‍റെ കുത്തൊഴുക്കും കടലാക്രമണവും ഒരുമിച്ചാണ് നാശം വിതച്ചത്.
മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്‍റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നുതാനും. കൈവഴികള്‍ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോള്‍ മധ്യകേരളമാകെ പ്രളയക്കെടുതിയില്‍ അമര്‍ന്നു.
ആ പ്രളയം തകര്‍ത്തുകളഞ്ഞത് ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാര്‍ എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവര്‍ വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്ത സൌകര്യങ്ങളും ദിവസങ്ങള്‍ കൊണ്ട് ഒലിച്ചുപോയി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം നൂറില്‍പരം ജീവനുകളുമെടുത്തു.
സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്‍. മഴ കടുത്തപ്പോള്‍ സ്വയം തകര്‍ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഇത് ആവര്‍ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ പട്ടണം തന്നെ ഇല്ലാതായി.
ആ ജൂലൈമാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് സായിപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന്‍ വൈദ്യുതിയും, ടെലിഫോണും, റെയില്‍വേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.
'കുണ്ടളവാലി റെയില്‍വേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എന്‍ജിനുകളും ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.
പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. പള്ളിവാസലിന്‍റെ രൂപം തന്നെ മാറിപ്പോയി.
കുട്ടമ്പുഴ- പൂയംകുട്ടി- മണികണ്ഡന്‍ചാല്‍- പെരുമ്പന്‍കുത്ത്- മാങ്കുളം- കരിന്തിരിമല- അന്‍പതാംമൈല്‍- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.
മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. 'പഴയ ആലുവ- മൂന്നാര്‍ റോഡ്‌' എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്‍റെ കൈവഴിയായ കരിന്തിരി ആറിന്‍റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം നാമാവശേഷമാക്കി.
ആദ്യകാലത്ത് ആനപ്പാതയായിരുന്ന കോതമംഗലം- നേര്യമംഗലം- അടിമാലി- പള്ളിവാസല്‍ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ്‌ നിര്‍മിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍ മാത്രമാണ്. പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചുതുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാകാനും രണ്ടു വര്‍ഷത്തിലധികം എടുത്തു. റെയില്‍ സംവിധാനം പിന്നീട് പുനസ്ഥാപിക്കാന്‍ കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി.
മൂന്നാറിന്‍റെ തണുപ്പില്‍ കുളിരുവാനും, തേയിലത്തോട്ടങ്ങളുടെ ഭംഗി നുകരുവാനും ഇനി പോകുമ്പോള്‍ നോക്കുക, മൂന്നാര്‍ ടൌണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ പഴയ റെയില്‍പ്പാളങ്ങളാണ്, ടൌണില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിലെ പഴയ റെയില്‍വേസ്റ്റേഷനായ KDHPയുടെ ഹെഡ്ഓഫീസിന്‍റെ ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നതും പാളങ്ങള്‍ കൊണ്ടുതന്നെ. പാളങ്ങളുടെയും സ്റ്റേഷന്‍റെയും അവശിഷ്ടങ്ങള്‍ ടോപ്‌സ്റ്റേഷനിലും മറ്റു പലഭാഗങ്ങളിലും ഇപ്പോഴും കാണാം.
പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്‍റെ പല പ്രധാനചരിത്രരേഖകള്‍ നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യന്‍പള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകള്‍ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.
പ്രളയം മാറ്റിവരച്ച ഭൂപടങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് '99ലെ വെള്ളപ്പൊക്കം' എന്ന് ഇപ്പോഴും നമ്മള്‍ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്."

Wednesday, 25 July 2018

KERALA TODAY


കേരള ജനതയെ ഒന്നടങ്കം വിഡ്ഢികളാക്കി സിനിമാലോകവും, കഥയറിയാതെ ആട്ടം തുള്ളിയ മാധ്യമങ്ങളും
#മീന്കാരിപ്പെണ്ണുനമ്മെവിഡ്ഢിയാക്കുകയായിരുന്നു …
നടക്കാൻ പോകുന്ന ഒരു സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി കേരളജനതയെ ഒന്നടങ്കം വിഡ്ഢികളാകുകയായിരുന്നുവത്രെ
സത്യം മനസ്സിലാകും മുൻപ് അഭിമാനവും അതിലുപരി സങ്കടവുമായിരുന്നു ഇതോർത്
പുരോഗതിയുടെയും സാക്ഷരതയുടെയും പാതയിലൂടെ No.1 ആയിസഞ്ചരിക്കുന്ന കേരളത്തിൽ പട്ടിണിക്ക് കീഴടങ്ങാതെ നല്ലൊരുഭാവിക്കായി പോരാടുന്ന ഇവരെപോലോത്തവരെ ഓർത്തു.
പക്ഷെ ഇതെല്ലാം ഒരുവേഷം കെട്ടായിരുന്നറിഞ്ഞപ്പോൾ പുച്ഛം തോനുന്നു

Tuesday, 24 July 2018

MY PARUMAL


'തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്:
വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു!

പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു.

" പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു." എലി പറഞ്ഞു..

" അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?"

പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിലെ ആടിന്റെടുത്ത് വിവരം പറഞ്ഞു.
ആടും എലിയെ കളിയാക്കി തിരിച്ചയച്ചു .

പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്‌. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു. "എലിക്കെണി നിന്നെ ബാധിക്കുന്ന പ്രശ്നം. എനിക്കെന്താ പ്രശ്നം?"

തന്റെ വാക്ക് ആരും കേൾക്കാത്തതിൽ നിരാശനായി പാവം എലി തിരിച്ച് നടന്നു.

ദിവസങ്ങൾ കടന്നു പോയി.
ഒരു ഇരുട്ടുള്ള രാത്രി പാമ്പ് കെണിയിൽ കുടുങ്ങി -
വീട്ടുകാരൻ എലിയെന്ന് കരുതി ഓടി ചെന്നു. പാമ്പ് അയാളെ ആഞ്ഞു കൊത്തി. ആളുകൾ പാമ്പിനെ തല്ലിക്കൊന്നു.

വിഷമേറ്റയാളെ വൈദ്യരുടെ അടുത്തെത്തിച്ചു.
വൈദ്യർ ആടിൻ സൂപ്പ് കൊടുക്കാൻ പറഞ്ഞു. അങ്ങനെ ആടിന്റെ കഥയും കഴിഞ്ഞു.

അവസാനം അയാൾ മരിച്ചു - അടിയന്തിരത്തിന് കുറെ ആള് വന്നു. പോത്തിനെ കശാപ്പ് ചെയ്തു അവർ വയർ നിറച്ചു.

എല്ലാറ്റിനും സാക്ഷിയായി നമ്മുടെ എലിയും.

ഗുണപാഠം:
ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അത് എന്നെ ബാധിക്കില്ലല്ലോ ... എനിക്കെന്ത് കാര്യം? എന്ന് ചിന്തിക്കാതെ തന്റെ കൂടി പ്രശനമായി കണ്ട് പരിഹരിക്കാൻ ശ്രമിക്കുക..